Naples
മറഡോണ വിളയാടിയ നാട്ടിലൂടെ

യൂറോപ്പിലും ദരിദ്ര നഗരങ്ങളുണ്ട്! എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. അതിൽത്തന്നെ ഏറ്റവും ദരിദ്രനഗരമാണു നേപ്പിൾസ്. സമ്പന്നമായ ചരിത്രം, ജീവനുള്ള തെരുവ് ലോകപ്രശസ്തമായ പാചകരീതി എന്നിവയ്ക്കു പേരുകേട്ട നഗരമാണു നേപ്പിൾസ്. പക്ഷേ, ഈ രാജ്യത്തിന്റെ കുപ്രസിദ്ധികൾ അടുത്തറിയുമ്പോൾ ഞെട്ടലുണ്ടാകും.

ഇറ്റലിയിലെ ഏറ്റവും വലിയ ക്രിമിനൽ സംഘടനയായ കമോറയുടെ ആസ്ഥാനനഗരമാണു നേപ്പിൾസ്. പതിനേഴാം നൂറ്റാണ്ടിൽ രൂപീകരിക്കപ്പെട്ട കൊള്ളസംഘമാണു കമോറ. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടപ്പാക്കലിലൂടെയാണ് ഈ തെമ്മാടി സംഘം യൂറോപ്പിലെ സമാധാനപാലകരുടെ കണ്ണിലെ കരടായി മാറിയത്. നാപ്പോളി എന്നു വിളിക്കപ്പെടുന്ന നേപ്പിൾസിൻ്റെ സാമൂഹിക പശ്ചാത്തലം സംഘർഷഭരിതമാണെങ്കിലും ടൂറിസ്റ്റുകളെ ഇതൊന്നും നേരിട്ടു ബാധിക്കാറില്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം.

കുടുംബസുഹൃത്തും നേപ്പിൾസിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന മലയാളിയുമായ ഫാ. പ്രവീണിൻ്റെ ക്ഷണം അനുസരിച്ചാണ് ഞങ്ങൾ നേപ്പിൾസിലെത്തിയത്. ആദ്യ ദിവസം പ്രവീൺഅച്ഛൻ്റെ മൊണാസ്ട്രിയിൽ വിശ്രമിച്ചു. രണ്ടാം ദിവസമാണ് നേപ്പിൾസ് നഗരം കാണാനിറങ്ങിയത്. തോലേദോ റെയിൽവേ സ്റ്റഷേനിലാണ് ഇറങ്ങിയത്. അവിടുത്തെ പല കാഴ്ചകളും സ്പെയിനിൻ്റെ പകർപ്പാണ്.
ഒപേറാ ഹൗസ്
നഗര ഹൃദയത്തിലാണ് teatro San carlo ഓപേറാ ഹൗസ് സ്ഥിതി ചെയ്യുന്നത്. 1737 ൽ നിർമിച്ച ഒപേറാ ഹൗസ് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഒപേറയാണ്. ബുക്ക് ചെയ്യാത്തതിനാൽ ഒപേറേ ഹൗസിന്റെ ഗൈഡഡ് ടൂർ തരപ്പെട്ടില്ല. പുറമെ നിന്ന് ചിത്രങ്ങളെടുത്ത് അടുത്ത ഡെസ്റ്റിനേഷനുകളിലേക്കു നീങ്ങി. ഒപേറ ഹൗസിൻറെ എതിർ വശത്താണ് ഗലേറിയ ഉംബെർട്ടോ വൺ എന്ന നഗരത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം. ലോകോത്തര ബ്രാൻഡുകൾക്കെല്ലാം അവിടെ ഔട് ലെറ്റ് ഉണ്ട്. 1884 ൽ ഉംബെർട്ടോ രാജാവിൻ്റെ ഭരണകാലത്തു നാടിനെ ഗ്രസിച്ച കോളറ മഹാമാരിയെ പിടിച്ചുകെട്ടിയതിൻ്റെ ഓർമയ്ക്കായാണ് രാജാവിന്റെ പേരിൽ പത്തൊൻപതാം നൂറ്റാണ്ടിൽ ഈ വ്യാപാരസമുച്ചയം നിർമിച്ചത്.
പിയാസ ഡെൽപ്ലെ ബിസിറ്റോ
നേപ്പിൾസിന്റെ ജീവരക്തമാണു കാപ്പിയെങ്കിൽ, 1600 കളിൽ നിർമ്മിച്ച ചത്വരം പിയാസ ഡെൽപ്ലെ ബിസിറ്റോ അതിൻ്റെ സ്പന്ദിക്കുന്ന ഹൃദയമാണ്. പിയാസ ഡെൽപ്ലെ ബിസിറ്റോയുടെ വടക്കേ അറ്റത്ത് പലാസോറിയാലും മറുവശത്തു നേപ്പിൾസിലെ നിയോ ക്ലാസിക്കൽ മതവാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണങ്ങളിലൊന്നായ ബസിലിക്ക റിയാലെ പോണ്ടിഫിക്ക സാൻഫ്രാൻസെസ്കോ ഡി പാവോളയും സ്ഥിതിചെയ്യുന്നു. ഇവിടെയുള്ള ബർബണിലെ ചാൾസിന്റെയും ഫെർഡിനാൻഡിൻ്റെയും പ്രതിമകൾ ഈ ചത്വരത്തിനു രാജകീയ സാന്നിധ്യം നൽകുന്നു. ഇപ്പോൾ ഈ പിയാസ, അന്താരാഷ്ട്ര സംഗീതജ്ഞർ പങ്കെടുക്കുന്ന എണ്ണമറ്റ സാംസ്ക്കാരിക പരിപാടികളുടെ സ്ഥിരം വേദിയാണ്.
ചത്വരത്തിന് അഭിമുഖമായി നിന്നു കൊണ്ട് മനോഹര സംഗീതത്തിനാൽ കാഴ്ചക്കാരെ ഹരംകൊള്ളിക്കുന്ന ഒരു ചെറുപ്പക്കാരനെ കണ്ടു.
പാലാസോ റോയൽ

പിയാസ ഡെൽപ്ലെ ബിസിറ്റോയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന രാജകൊട്ടാരമാണ് പാലാസോ റോയൽ. നേപ്പിൾസിലെ സ്പാനിഷ് ഭരണത്തിൻ്റെ ഏറ്റവും വലിയ അടയാളപ്പെടുത്തലാണ് പലാസോ റോയൽ. പതിനാറാം നൂറ്റാണ്ടിൽ നിർമിച്ച ഈകുറ്റൻ സമുച്ചയം ഒരുകാലത്ത് സ്പാനിഷ് രാജകുടുംബത്തിൻ്റെ ആസ്ഥാനമായിരുന്നു.
ബസിലിക്ക റിയലെ പൊന്തിഫിക്ക സാൻ ഫ്രാൻസെസ്കോ ഡി പാവ.

രാജകൊട്ടാരത്തിൻ്റെ അഭിമുഖമായി നിൽക്കുന്ന ദേവാലയം ഈ നഗരത്തിൻ്റെ ആത്മാവാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ഫെർഡിനാൻഡ് ഒന്നാമൻ നാപോളിയൻ ബോണപ്പാർട്ടിന്റെ തകർച്ചയ്ക്കുശേഷം സിംഹാസനം തിരികെ ലഭിച്ചതിൻ്റെ നന്ദി സൂചകമായിട്ടു നിർമിച്ചതാണ് ഈ ദേവാലയം. അമ്പതു മീറ്റർ ഉയരമുള്ള ദേവാലയം നിയോ ക്ളാസിക്കൽ ശൈലിയിൽ തലയുയർത്തി നിൽക്കുമ്പോഴും അതിനു താഴെ തലചായ്ക്കാൻ ഇടമില്ലാത്ത ഒരുപറ്റം മനുഷ്യരുടെ തേങ്ങൽ കേൾക്കാം. ദേവാലയത്തിൻ്റെ വരാന്ത നിറയെ അഭയാർഥികളാണ്.
സ്വന്തമെന്നു പറയാൻ വീടില്ലാത്തവർ. വയറു നിറയെ ഭക്ഷണം കഴിക്കാൻ മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടുന്നവർ. ദിവസക്കൂലിയില്ലാത്തവർ… നിരാലംബരുടെ ദൃശ്യങ്ങൾ മനസ്സിനെ മുറിപ്പെടുത്തിയെന്നു പറയാതെ വയ്യ.
കരുണയുടെ കോഫി
നേപ്പിൾസിൽ എത്തുന്നതിനു മുൻപേ ഈ രാജ്യത്തു തയാറാക്കിയ പ്രശസ്തമായ ട്രഡീഷനൽ പീറ്റ്സ് കഴിക്കേണം എന്നു തീരുമാനിച്ചിരുന്നു. നഗരത്തിലെ ഏറ്റവും തിരക്കേറിയ കഫേ ഗബ്രിനസിലേക്ക് നടന്നു. 1860 ൽ പണികഴിപ്പിച്ച കഫേക്കുള്ളിലേക്ക് പ്രവേശിക്കാൻ പത്തു മിനിറ്റ് ക്യു നിൽക്കേണ്ടി വന്നു.
ഏറെ നേരത്തെ കാത്തിരിപ്പ് മടുപ്പുളവാക്കുമെന്നു കരുതിയെങ്കിലും മറ്റൊരു എൻ്റർടെയ്ൻമെന്റ് കിട്ടി. ഡ്രമ്മിൽ മാസ്മരിക സംഗീതം തീർക്കുന്ന മൂന്നു ചെറുപ്പക്കാർ നഗരത്തിലെത്തിയവരെ പാരമ്പര്യ സംഗീതത്തിൽ പൊതിഞ്ഞു. സെനഗലിൽ നിന്നുള്ള സംഗീതജ്ഞരായിരുന്നു അത്. സെനഗലിൽ നിന്നു നേപ്പിൾസിൽ എത്തി ഇവിടെ തെരുവുകളിൽ പാട്ടു പാടി ഉപജീവനമാർഗം കണ്ടെത്തുന്നവരാണ്.
ഈ കോഫീ ഷോപ്പിലാണ് സസ്പെൻഡഡ് കോഫീ എന്ന ആശയം മുളയിട്ടത്. 1860 ൽ ആരംഭിച്ച ‘സംഭാനാ കോഫി’ ഇപ്പോഴും ആളുകൾ പിൻതുടരുന്നു. മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവർ കാപ്പി വാങ്ങി റെസീപ്റ്റ് അവിടെയുള്ള വലിയ പാത്രത്തിൽ നിക്ഷേപിക്കുന്നു. ആ റെസീപ്റ്റ് കാപ്പി കുടിക്കാൻ പണമില്ലാത്തവർക്ക് പ്രയോജനപ്പെടും. കാപ്പി കുടിക്കാൻ കാശില്ലെന്നു പറയുന്നവർക്ക് കടയുടമ റെസീപ്റ്റുകൾ എണ്ണി നോക്കി കാപ്പി സൗജന്യമായി നൽകും. കരുണയുടെ മണമുള്ള കാപ്പി. ഒരു കാപ്പിക്കുള്ള പണം നൽകി റെസിപ്പ്റ്റ് അതിൽ നിക്ഷേപിച്ച ശേഷമാണ് ഇവിടെ നിന്നു മടങ്ങിയത്.
പീറ്റ്സ മാർഗരീറ്റ

1889 ൽ നേപ്പിൾസ് സന്ദർശിച്ച മാർഗരീറ്റ രാജ്ഞിക്കു വ്യത്യസ്തമായ ഭക്ഷണം വിളമ്പാൻ പ്രാദേശിക പീറ്റ്സ എക്സ്പെർട്ടായ റാഫേൽ എസ്പസിറ്റോ എന്ന പാചക വിദ്വാനെ ചുമതലപ്പെടുത്തി. ഇറ്റലിയുടെ ദേശീയ പതാകയുടെ നിറങ്ങളായ ചുവപ്പ് (തക്കാളി) വെള്ള (മോസറീല ചീസ്) പച്ച (ബേസിൽ ലീഫ് ) എന്നിവ കൊണ്ട് അലങ്കരിച്ച പീറ്റ്സാ ബ്രഡാണ് അദ്ദേഹം തയാറാക്കിയത്. ഈ ബ്രഡ് പിൽക്കാലത്ത് പീറ്റ്സ മാർഗരീറ്റ എന്നറിയപ്പെട്ടു. പീറ്റ്സ മാർഗരീറ്റായോടൊപ്പം നേപ്പിൾസിൻ്റെ തനതായ ‘സ്പ്രേസ്സോ കോഫി’യും ഓർഡർ ചെയ്തു.
ചെറിയ കപ്പിൽ കിട്ടുന്ന കോഫി ഷോട്സ് കുടിക്കുന്നതിനു ചില ചിട്ടകളുണ്ട്. ഒരു ഗ്ലാസ് വെള്ളത്തിന് അകമ്പടിയായാണ് പ്രേസ്സോ കുടിക്കേണ്ടത്. വെള്ളം കുടിച്ചു വായ് ശുദ്ധീകരിച്ചാൽ മാത്രമേ കാപ്പിയുടെ തനതായ രുചി ആസ്വദിക്കാൻ കഴിയുകയുള്ളു എന്നാണ് നെപ്പോളിക്കാരുടെ വാദം. പീറ്റ്സ കഴിച്ചുകൊണ്ടിരിക്കേ ഹോട്ടൽ ജീവനക്കാരൻ വന്നു. നമ്മുടെ നാട്ടുകാരനെന്നു തോന്നുംവിധത്തിലുള്ള മുഖച്ഛായ. ‘മലയാളിയാണോ?’ അദ്ദേഹത്തോടു ചോദിച്ചു. ശ്രീലങ്കൻ തമിഴ് വംശജനാണ്. ശ്രീലങ്കയിൽ നിന്നു നേപ്പിൾസിൽ എത്തിയിട്ട് കറേ വർഷങ്ങൾ പിന്നിടുന്നു. ഞങ്ങൾ ചേർന്നു നിനിന്നൊരു ഫോട്ടോ എടുത്തു.
ഇതിഹാസത്തിന്റെ നാട്
ഫുട്ബാൾ ഇതിഹാസം ഡീഗോ മാറഡോണ ഇന്നും ജീവിച്ചിരിക്കുന്നു എന്നു തോന്നിപ്പോകും നേപ്പിൾസ് സന്ദർശിക്കുമ്പോൾ. ലോകപ്രശസ്തനായ മാറഡോണയ്ക്കു വേണ്ടി അവിടെ സ്മാരകമുണ്ട്. അവിടം സന്ദർശിച്ചപ്പോഴാണ് ഇതിഹാസത്തിൻ്റെ സോഷ്യൽ ഇൻഫ്ളുവൻസ് മനസ്സിലായത്.

അവിടെ നിന്നിറങ്ങിയ ശേഷം മറ്റൊരു കടയിൽ കയറി. ഇറ്റാലിയൻ ഡെസേർട്ടായ റം ബാബ വിൽക്കുന്ന സ്ഥാപനമാണ്. രുചികരമായ സ്പോഞ്ച് കേക്ക് റമ്മിൽ കുതിർത്തു നിർമിക്കുന്ന ഡെസേർട്ടാണ് റം ബാബ. നേപ്പിൾസിൽ പ്രശസ്തമാണ് ഈ വിഭവം. റം ബാബ നുണഞ്ഞു മുന്നോട്ടു നടന്നപ്പോൾ ലോകപ്രസ്തരായ പല മനുഷ്യരുടെ രൂപത്തിൽ കുടയുടെ പിടി നിർമിക്കുന്ന കട കണ്ടു. മനുഷ്യരൂപത്തിലുള്ള കുടകൾ അതി മനോഹരം. പാരമ്പരാഗത തൊഴിലാളികളാണ് കുടപ്പിടി നിർമാതാക്കൾ. വില നൂറു യൂറോ (പതിനായിരം രൂപ ). കുടയുടെ പിടിയിൽ മറഡോണയും ട്രംപും മെസ്സിയുമുണ്ട്.

നേപ്പിൾസിലെ ഇടുങ്ങിയ തെരുവിലെ പഴയ കെട്ടിടങ്ങൾ ഓരോന്നും കാലത്തിൻ്റെ കഥകൾ വിളിച്ചുപറയുന്നു. ലപ്പഴക്കംകൊണ്ട് ഇപ്പോൾ നിലംപൊത്തുമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ, കാൽനടയാത്രക്കാരെ വകവെക്കാതെ പായുന്ന വെസ്പ സ്കൂട്ടറുകൾ. പടിഞ്ഞാറൻ കാറ്റിനൊത്ത് നൃത്തം ചെയുന്ന ചുവപ്പും നീലയും വെള്ളയും മഞ്ഞയും ചേർന്ന വസ്ത്രങ്ങൾ… മുംബെയിലെയോ കൽക്കട്ടയിലെയോ ഇടുങ്ങിയ തെരുവിലാണോ എന്നു തോന്നലുണ്ടാക്കും. യൂറോപ്പിനു പുറത്തു പുതിയൊരു ലോകം പോലെ അനുഭവപ്പെട്ടു. മുന്നോട്ടു നടന്നു നൂറുകണക്കിനു സഞ്ചാരികൾക്കൊപ്പം സ്പഞ്ചോലിയിലെ മറഡോണ കോർട്ടലിൽ എത്തി. മറഡോണയുടെ പടുകൂറ്റൻ മ്യൂറൽ പെയിൻ്റിങ്ങാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. അവിടത്തുകാരുടെ ഇഷ്ടദൈവമായ ക്രിസ്തുദേവൻ്റെ ശിൽപത്തിനൊപ്പമാണ് മറഡോണയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിഹാസതാരത്തിൻ്റെ സ്മരണയ്ക്കായി ഒരു കപ്പേള ഒരുക്കിയിട്ടുണ്ട്. നൂറുകണക്കിന് സഞ്ചാരികൾ മറഡോണ ശിൽപത്തിനു മുന്നിൽ തൊഴുകയ്യുമായി നിൽക്കുന്നു, പൂക്കൾ അർപ്പിക്കുന്നു.
വിവേചനത്തിന്റെ ചരിത്രം
ഇറ്റലിയിലെ തന്നെ ദരിദ്രപ്രദേശമാണ് തീരദേശ നഗരമായ നേപ്പിൾസ്. വംശീയ വിദ്വേഷം നിലനിന്നിരുന്ന പ്രദേശമായിരുന്നു ഈ രാജ്യം. അങ്ങനെയൊരു രാജ്യത്തേക്കാണ് ബാഴ്സലോണയുടെ പ്രൗഢി ഉപേക്ഷിച്ച് മറഡോണ ചേക്കേറിയത്. താരതമ്യേന പിന്നോക്കമായിരുന്ന S.S.C Napoli ക്ലബ്ബ് ഇതിഹാസതാരത്തിൻ്റെ വരവോടുകൂടി ഇറ്റാലിയൻ ലീഗ് മത്സരങ്ങളിൽ ചാംപ്യന്മാരായി.
ഞായറാഴ്ചകളിൽ ഫുട്ബാൾ കളി കാണാൻ മാത്രമായി ജീവിച്ചിരുന്ന നാപോളിക്കാർ ഉണ്ടായിരുന്നു അക്കാലത്ത്. അവർ മറഡോണ എന്ന രക്ഷകനെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിച്ചു. 1984 മുതൽ ഈ നാട്ടിൽ ജനിച്ച കുട്ടികൾക്ക് ഏറ്റവും അധികം റജിസ്റ്റർ ചെയ്ത പേര് ഡിയാഗോ എന്നായിരുന്നു.
1990 ൽ നാപ്പോളിയിൽ ഇറ്റലിയും അർജന്റീനയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനലൈൽ നാപ്പോളിക്കാർ ആർത്തു വിളിച്ചത് മാറഡോണ പ്രതിനിധീകരിച്ചിരുന്ന അർജന്റീനയുടെ ടീമിനു വേണ്ടി ആയിരുന്നു.
നേപ്പിൾസ് സന്ദർശിക്കുന്ന ഏതൊരു സഞ്ചാരിയും കാണുന്നത് ഫുട്ബോൾ ഇതിഹാസത്തിന്റെ ഓർമയ്ക്കായി നഗരത്തിലെങ്ങും സ്ഥാപിച്ചിട്ടുള്ള ചിത്രങ്ങളും മ്യൂറൽ പെയിൻ്റിങ്ങുകളുമാണ്. പള്ളി മണികളുടെ മുഴക്കവും, സ്കൂട്ടറുകളുടെ തിരക്കും, ഇടുങ്ങിയ ഇടവഴികളിലൂടെ ഒഴുകിവരുന്ന എസ്പ്രസ്സോയുടെ സുഗന്ധവും മറക്കാനാവില്ല.
